കലക്കി മോനേ നടേശാ‍

നടേശന്‍ മുതലാ‍ളി വില്ലു കുലച്ചപ്പോള്‍ സഭാപിതാക്കള്‍ക്ക് മുട്ടു വിറച്ചു. ആ‍ണായിപ്പിറന്നൊരുത്തന്‍ ഭൂമി മലയാളത്തിലിണ്ടെന്ന് ഇപ്പോള്‍ നാ‍ട്ടാര്‍ക്ക് ബോധ്യായി. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കേണ്ടത് പാര്‍ട്ടികളാണ്, പള്ളിയല്ലെന്നാണ് വെള്ളാപ്പള്ളി നടേശന്‍ സുധീരം പ്രസ്താവിച്ചത്.പള്ളിക്കാര്‍ക്ക് വേണമെന്നുണ്ടെങ്കില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരിപ്പിച്ചോണം. ഹല്ല പിന്നെ.


ചെന്നിത്തല രമേശനും പിണറായി വിജയനും നാക്കിറങ്ങിപ്പോയേടത്താണ് മലയാളി മനസ്സാക്ഷിയെ ഉയര്‍ത്തിപ്പിടിക്കാന്‍ സമുദായ നേതാവായ വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയെന്നത് അനേകം സന്ദേശങ്ങളും ഒപ്പം സന്ദേഹങ്ങളും പകര്‍ന്നു തരുന്നുണ്ട്.നേരത്തെ പലപ്പോഴും ഈഴവ പ്രാതിനിധ്യത്തിനായ് ശംഖ് മുഴക്കിയ മാന്യശ്രീ ഇപ്പോഴാണ് യഥാര്‍ത്ഥ ശ്രീനാരായ്ണീയനാവുന്നതെന്നും സമാധാനിക്കാം.


രണ്ടു പള്ളീലച്ചമ്മാ‍രും ഒരു പള്ളീലച്ചിയും ചേര്‍ന്നു കാ‍ണിച്ച പോക്കണംകേടിന് പാവമൊരു സത്യകൃസ്ത്യാനിപ്പെണ്‍കൊച്ച് തലക്കടി വാങ്ങി കിണറ്റിലോട്ട് മുഖം കുത്തിവീണ് മരിച്ചപ്പോള്‍ മുഖം തിരിച്ചു നടന്ന വിശുദ്ധപിതാക്കളേ, ആഗോള സോഷ്യലിസവും ദേശീയ മതേതരത്വവും പുലമ്പുമ്പോഴും സഭയെത്തൊട്ടാല്‍ പൊള്ളുമെന്ന് ഭയക്കുന്ന രാഷ്ട്രീയക്കുഞ്ഞാടുകളേ നിങ്ങള്‍ക്ക് തലക്കു വെളിച്ചം വരുന്നതെന്നായിരിക്കും? നിങ്ങള്‍ തീര്‍പ്പാനിരിക്കുന്ന സ്വര്‍ഗ്ഗ രാജ്യത്തിനായ് ആണ്‍‌ടോടാണ്‍‌ട് ഞങ്ങള്‍ പോളിങ് ബൂത്തില്‍ച്ചെന്ന് മുട്ടിപ്പ്രാര്‍ത്ഥിക്കാം.12.09.2009

No comments: