ദുബായ് മെട്രോ:യാത്രിയോം കൃപയാ ധ്യാന്‍ ദീജിയേ


12 09 2009
കേട്ടെഴുത്ത് സാഹിത്യത്തിലെ ആരോമല്‍ ചേകവരായ താഹ മാടായി, രാഘവന്‍ സഖാവിനു ശേഷം കയറിപ്പിടിച്ചത് കുഞ്ഞാലിക്കുട്ടി സായ്‌വിനെ. കലക്കന്‍ സംഭവം. ഐസ്ക്രീം സംഭവങ്ങള്‍ക്കു ശേഷം താനാകെ മാറിയെന്നും ഇപ്പോള്‍ നേരത്തിന് നമസ്കരിക്കാറുണ്‍ടെന്നും മറ്റും പറഞ്ഞു പോകുമ്പോള്‍ ചില ദോഷൈക ദൃക്കുകളുടെ ചോദ്യം, അപ്പോ ഇതൊന്നും നേരത്തെ പതിവില്ലായിരുന്നോ? പണ്ടൊരിക്കല്‍ മുസ്ലിം ലീഗിന്റെ സമ്മേളന സ്ഥലങ്ങളില്‍ മുസ്ലീം സമൂഹ പ്രാര്‍ത്ഥനയ്ക്ക് സൌകര്യം ചെയ്യണമെന്നാവശ്യപ്പെട്ട ഉത്തരേന്ത്യന്‍ മൌലാനമാര്‍ക്ക് ജസ്വന്ത് സിങിന്റെ പുതിയ ഹീറൊ മുഹമ്മദലി ജിന്ന കൊടുത്ത മറുപടി, അപ്രായോഗികം എന്നായിരുന്നുവത്രെ. അവസാനം ഗതികെട്ട മൌലാനമാര്‍ വിനീതമായ മറ്റൊരു അപേക്ഷ ജിന്നാ സമക്ഷം വെച്ചു, താങ്കള്‍ നമസ്കരിക്കണം. മറുപടി : ശ്രമിക്കാം.കാലവും കഥാപാത്രങ്ങളും മാത്രമേ മാറുന്നുള്ളൂ, തിരക്കഥ ഒന്നു തന്നെ. അന്നു പാകിസ്ഥാന്‍ ഇന്നു മലപ്പുറം. അന്ന് മുസ്ലിം അവഗണന, ഇന്നുമതു തന്നെ പല്ലവി. അന്ന് അരിശം കോണ്‍ഗ്രസ്സിനോടാണെങ്കില്‍ ഇന്നത് സി.പി.എമ്മിനോട്. ഇടതുപക്ക്ഷം അധികാരത്തില്‍ വരുന്ന ഒന്നാം നാള്‍ തൊട്ട് തുടങ്ങും സ്ഥിരം വായ്ത്താരി - മുസ്ലിം പീഡനം, ന്യൂനപക്ഷ പീഡനം.
*******
ഇപ്പോള്‍ പിണറായിക്കും കോടിയേരിക്കും കണ്ടകശ്ശനി. ചെന്നിത്തലക്കും ഉമ്മന്‍ ചാണ്ടിക്കും ശുക്രദശ. പിണറായി സഖാവ് സന്തതിയെ അമേരിക്കയിലോട്ട് പഠിക്കാനയച്ച കാരണം സ്വന്തം മാനം പോവാതെ പിടിച്ചു നില്‍ക്കുന്നു.( ആ വകയിലുള്ള വിമര്‍ശനങ്ങളൊക്കെ നേരിടാന്‍ പുകാസ കുഞ്ഞമ്മദെന്ന ചാവേറിനെ വിട്ടിട്ടുണ്ട്). ചാണ്ടിക്കുഞ്ഞിനെ ദല്‍ഹിക്കു പഠിക്കാന്‍ വിട്ട കാരണം ഉമ്മന്‍ ചാണ്ടിക്കും വലിയ സൊല്ലയില്ല. കരുണാകരനു ശേഷം പുത്രദുഃഖം അനുഭവിക്കാനുള്ള യോഗം കോടിയേരിക്കാണ്. രാജന്റെ പേരു പറഞ്ഞ് എത്ര കാലം വേട്ടയാടിയാതാ കരുണാകരനെ. ദുബായിലെ പണിവിട്ട് മോന്‍ തിരിച്ചു വന്ന ശേഷമാ ലീഡറുടെ ഭാവി മങ്ങിയത്. കോടിയേരീക്ക് മോനെ ദുബായിലയച്ച് ശേഷവും.കൊടുത്താല്‍ ദുബായിലും കിട്ടുമെന്ന് പുതുമൊഴി.

********
കൌതുകകരമായ ആകാംക്ഷയോടെ അനേകംപേര്‍ കാത്തിരുന്ന ദുബൈ മെട്രോ പ്രതീക്ഷകളൊക്കെയും തകിടം മറിക്കുകയാണോ? നേരത്തേ ഓഫീസിലെത്താന്‍ ആഗ്രഹിച്ച് മെട്രോയില്‍ കയറിയ എനിക്ക് പതിവിലും വൈകിയെത്തിയതിന്റെ ദുരനുഭവമാണ് ആദ്യ പാഠം. അടുത്ത ദിവസവും അനുഭവം മികച്ചതായില്ല; ടെക്നിക്കല്‍ പ്രോബ്ലം കാരണം സര്‍വീസ് ക്യാന്‍സല്‍ ചെയ്തെന്ന അറിയിപ്പ്. എന്തായാലും അതിമനോഹരമായി സജ്ജീകരിച്ച സ്റ്റേഷന്റെ അകത്തളങ്ങള്‍ അത്യാധുനിക സൌന്ദര്യബോധത്തിന്റെയും അസാധാരണമായ സാങ്കേതിക വൈദഗ്ദ്യത്തിന്റെയും മികച്ച പ്രതിഫലനമാണ്. മെട്രോ സര്‍വീസിനെക്കുറിച്ച് പ്രമുഖ ഇംഗ്ലീഷ് പത്രത്തില്‍ വന്ന കര്യമായൊരു സംശയം, പാളത്തിലേക്ക് ചാടാനൊക്കുമോ എന്നതാണ്. ചോദിച്ചത് മലയാളിയാവാനാണ് സാധ്യത. ട്രെയിന്‍ കണ്ടുപിടിച്ച നാള്‍തൊട്ട് ആചരിച്ചു വരുന്ന പ്രേമനൈരാശ്യത്താല്‍ ട്രെയിനിനു മുന്നില്‍ ചാടുന്ന മലയാളി കമിതാക്കളുടെ പാരമ്പര്യ വിനോദം പക്ഷേ ഇവിടെ നടക്കത്തില്ല.