ഗൂഗ്‌ള്‍ ഞൊട്ടയിടുന്നു, ചൈനയില്‍.

29.09.2009
നമ്മുടെ നാടന്‍ വിപ്ലവകാരികള്‍ക്കും ലോകോത്തര മുതലാളിമാര്‍ക്കും ഒരുപോലെ ‘മധുര മനോഹര മനോജ്ഞ‘മാണ് ചൈനയെങ്കിലും‍ 9 വര്‍ഷത്തെ സേവനത്തിനു ശേഷം പിടിച്ചു നില്‍ക്കാനാവാതെ കിതയ്ക്കുകയാണ് ലോകോത്തര തെരച്ചില്‍ പേടകം “ഗൂഗ്‌ള്‍”.തദ്ദേശീയനെന്ന നിലയില്‍ ഗവണ്‍‌മെന്‍‌റ്റ് വിഹിതവും അവിഹിതവുമായ അനുഭാവം വേണ്ടുവോളം അനുഭവിക്കുന്ന ബൈദു കോര്‍പ്പറേഷനാണ് മുഖ്യമായും ഗൂഗിളിനിവിടെ വെല്ലുവിളി ഉയര്‍ത്തുന്നത്. ഭുവനപ്രശസ്തനായ, ഗൂഗിളിന്‍‌റെ ചൈനീസ് കാര്യ മേധാവി ‘കൈ ഫൂ ലീ‘ യുടെ രാജിയോടെ കാര്യങ്ങല്‍ കൂനിന്‍‌മേല്‍ കുരു പോലായിരിക്കുന്നു.
ലോകത്തങ്ങോളമിങ്ങോളമുള്ള ആവിഷ്കാര സ്വാതന്ത്ര്യവാദികള്‍ വലിയ വായില്‍ നിലവിളിച്ചെങ്കിലും, രഷ്ട്രീയവൈരമുള്ള സൈറ്റുകള്‍ തടയാമെന്ന് സര്‍ക്കാരുമായി ധാരണയിലെത്തി പ്രവര്‍ത്തനമാരംഭിച്ച ഗൂഗിളിന് ലോകത്തെ എറ്റവും വലിയ ഇന്റര്‍നെറ്റ് കമ്പോളം കീഴടക്കനുള്ള മോഹം ബാലികേറമലയായിരിക്കയാണ്.രാജ്യത്തെ മുപ്പത്തി നാല് കോടി വരുന്ന നെറ്റ് ഉപയോക്താക്കളില്‍ മൂന്നില്‍‌രണ്ടും യുവാക്കളാണെങ്കിലും മിക്കവരും ഗൂഗ്‌ളെന്ന പേര്‍ കേട്ടിട്ടേയില്ല. കേട്ടവര്‍ക്കത് ഉച്ചരിക്കാനുമറിയില്ല. അങ്ങനെ മൂന്നു വര്‍ഷം മുമ്പ് പേര്‍ ‘ഗൂജ്’ എന്നാക്കി മാറ്റിയപ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറയാം. പിന്നെ ആളുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് ‘ഗോഗോ’ എന്ന സൈറ്റ്. കാശു ചെലവില്ലാതെ പരസ്യം കിട്ടിയതിന്റെ അര്‍മാദത്തിലാണിപ്പോള്‍ ഗൊഗൊ. ഗൂഗിളിന്റെ ചൈനീസ് ഭാഷ്യം കിട്ടാന്‍ G.cn എന്നു വേണം ടൈപ്പാന്‍.



ഗൂഗിള്‍ ലോകത്തെങ്ങും ആധിപത്യം നേടിയത് വാമൊഴി പ്രചാരത്തിലൂടെ യായിരുന്നെങ്കിലും ചൈനയിലത് നടക്കുമെന്ന മനപ്പായസം തൂറ്റിപ്പെയെന്നേ പറയാനൊക്കൂ.
2000ത്തില്‍ ചൈനീസ് ഭാഷയില്‍ സെര്‍ച്ച് എഞ്ചിന്‍ ‍ ആരംഭിച്ചെങ്കിലും, ചൈനാ രാജ്യത്ത് പ്രവര്‍ത്തനം തുടങ്ങുന്നത് 2006ലാണ്. 2001ല്‍ മാത്രം പ്രവര്‍ത്തനം തുടങ്ങിയ ‘ബൈദു‘വാകട്ടെ ഈ തക്കത്തില്‍ വ്യാപാര പരസ്യ മേഖലകളിലൊന്നാകെ ആധിപത്യമുറപ്പിക്കുകയും ചെയ്തു.വിടാനൊരുക്കമില്ലാത്ത ഗൂഗ്‌ള്‍ യൂനിവെഴ്സിറ്റി വിദ്യാര്‍ഥികളെയും മറ്റും ചാക്കിലാക്കാനായി 25 ഓളം നഗരങ്ങളില്‍ ചുറ്റിക്കറങ്ങാനായി ഒരു വന്‍ സംഘത്തെ ഭാണ്ഡം മുറുക്കി അയച്ചിരിക്കയാണ്.

കമ്പ്യൂട്ടര്‍ വാങ്ങാന്‍ പാങ്ങില്ലാത്തതിനാല്‍ 70 കോടിയോളം വരുന്ന മൊബൈല്‍ ഉപയോക്താക്കളില്‍ ഭൂരിഭാഗവും ഇന്റര്‍നെറ്റ് ആവശ്യങ്ങള്‍ക്കും മൊബൈലിനെ ആശ്രയിക്കുന്ന രാജ്യമാണ് ചൈന.

-ഗൂഗിളിന്റെ പട്ടയഭൂമിയില്‍ കയറി ഗൂഗിളിനെത്തന്നെ ഞോണ്‍‌ടുന്നതില്‍ പാവപ്പെട്ട ഈ കുടിയാനോട് പൊറുക്കണം.

1 comment:

വീകെ said...

‘ഗൂജ്‘നോട് പൊറുക്കാൻ പറഞ്ഞതു നന്നായി....
ഇല്ലങ്കിൽ ചിലപ്പൊ ഞൊട്ടിയേനെ....!!