ദുബായിലെ തിമര്‍പ്പുകള്‍






20 09 2009





എല്ലാവര്‍ക്കും പെരുന്നാള്‍ സന്തോഷങ്ങള്‍.

ദുബായില്‍ നോമ്പറുതിക്കു ശേഷമുള്ള ആഘോഷത്തിലേക്ക് ജനം ഉത്സാഹപൂര്‍വം ചുവടുവെക്കുകയാണ്. ഇന്നലെത്തൊട്ട് പെരുന്നാള്‍ ദാനത്തിന്റെ സംഭരണത്തിനും ലേബര്‍കേമ്പുകളിലും മറ്റും ദുരിതജീവിതം നയിക്കുന്നവര്‍ക്ക് അതെത്തിക്കുന്നതിനുള്ള കഠിനയത്നത്തിലുമായി അനേകം യുവാക്കള്‍ സജീവമയിരുന്നു. വ്രതമാസത്തിലെ വീഴ്ചകള്‍ പരിഹരിക്കാനുള്ള വഴി ദീനരുടെ ആഘോഷവേളകള്‍ സമൃദ്ധമാ ക്കയാണെന്നതാണ് ദൈവകല്പന. അരികുവല്‍കരിക്കപ്പെട്ടവരുടെ സൌമ്യമായ ആനന്ദങ്ങളില്‍ നിര്‍വൃതി കണ്ടെത്തുന്ന ആത്മീയതയുടെ വിമോചനമാര്‍ഗ്ഗം.

ദുബായിലെ ആഘോഷങ്ങളെല്ലാം ആത്യന്തികമായി ഗാനമേളകളും മിമിക്രിപ്പേക്കൂത്തുകളുമാണെന്നു വന്നിരിക്കുന്നു കുറേ നാളുകളായിട്ട്. മലയാളത്തിന്റെ മഹാനായ എഴുത്തുകാരന്‍ എം.ടി ക്ക് ഉപഹാരം നല്‍കുന്ന വേദിയില്‍ പോ ലും ആളെക്കൂട്ടാന്‍ മിമിക്രിക്കാരെ വാഴിച്ചതാണ് ദുബായുടെ ചരിത്രം. കാശ് കടം വാങ്ങി ആല്‍ബമെടുത്ത് ബസ് സ്റ്റാന്റിലും ഫുട്പാത്തിലുമിട്ട് വില്‍ക്കുന്നവനൊക്കെയും ഗായകഗന്ധര്‍വരായി ദുബായില്‍ ആടിത്തിമര്‍ക്കാനെത്തിയിരിക്കയാണ്. ചാനലുകളിലെ ഫോണ്‍ ഇന്‍ പ്രോഗ്രാമ്മിലേക്ക് വിളിച്ച് സല്ലപിക്കുന്ന വിഡ്ഡിയാന്‍ പ്രവാസിക്ക് കാശ് തുലക്കാന്‍ മറ്റൊരു മാര്‍ഗ്ഗം കൂടി. നടക്കട്ടെ - മിടുക്കന്‍മാര്‍ക്ക് കാശുണ്ടാക്കാനാണല്ലോ ദുബായിലെങ്ങും ഓഡിറ്റോറിയങ്ങള്‍ പണിതിട്ടിരിക്കുന്നത്. ഇവിടെ മതാഘോഷങ്ങളുടെ ബാനറില്‍ മിമിക്രിയും ഗാനമേളകളും കൊണ്ടാടുന്ന മുസ്ലിംജനം കേരളത്തിലെ മാപ്പിളമാര്‍ മാത്രമേയുള്ളൂ എന്നതും വിചിത്രമായ യാഥാര്‍ത്ഥ്യമാണ്.




പെരുന്നാള്‍ ദിനത്തിലും തലേന്ന് രാത്രിയിലും ഇറച്ചിക്കച്ചവടത്തിന്റെ ബഹളം ദുബായ് കാണുന്നു. രാത്രിയില്‍ സൂപ്പര്‍മാര്‍കറ്റുകളിലെ ബച്ചറി സെക്‍ഷനില്‍ ബിരിയണിക്കായ് തിരക്കൊഴിയാതെ മട്ടനും ചിക്കനും വെട്ടിനുറുങ്ങിയപ്പോള്‍ , പെരുന്നാള്‍ പകലുകളില്‍ നായിഫിലെയും ബറാഹയിലെയും ഗല്ലികളില്‍ തീപ്പീടിച്ച അരക്കെട്ടുകളുമായി കൂട്ടംകൂടി നില്‍ക്കുന്ന ആണുങ്ങളും അവരുടെ ശുക്ലസജ്ജമായ ആര്‍ത്തികളെ ശമിപ്പിക്കാനായി കാത്തുകെട്ടി നില്‍ക്കുന്ന നീഗ്രോതരുണികളും നഗരത്തിന്റെ അലോസരക്കാഴ്ചയായി. മനുഷ്യന്റെ ആദിമ ദാഹങ്ങള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെയും വിശുദ്ധ കല്പനകളെയും താങ്ങാനാവാതെ ശമനത്തിനായ് ഇരുള്‍വഴികള്‍ തേടുകയാവാം.


***************************************
മലയാളത്തില്‍ സാംസ്കാരിക സംവേദനങ്ങള്‍ എത്രമേല്‍ ദുര്‍ബ്ബലമാണെന്ന് ഈദ് ദിനത്തില്‍ പത്ര ചാനലാദികളില്‍ പ്രത്യക്ഷപ്പെട്ട ആശംസാവചനങ്ങള്‍ മനസ്സിലാക്കിത്തരുന്നു. റംസാന്‍ കഴിഞ്ഞെന്നും ഇന്നാഘോഷിക്കുന്നത് ഈദ് (പെരുന്നാള്‍ എന്ന് മലയാളം) ആണെന്നും സിനിമ-സംഗീത-സാഹിത്യ താരങ്ങള്‍ക്കൊന്നും അറിയാതെ പോകുന്നതിന്റെ കാര്യമെന്ത്? ആഗോള ബുദ്ധിരാക്ഷസര്‍ വാഴുന്ന ചാനലുകളിലെ പെരുന്നാല്‍ ദിന പരിപാടികള്‍ക്കും പേര് റംസാന്‍ പരിപാടികളെന്നു തന്നെ. ഈദിന് നേരേണ്ടത് ഈദാശംസകളാണ് , റംസാന്‍ ആശംസകളല്ലെന്ന് എന്നാണാവോ നാം തിരിച്ചറിയുന്നത്. സാംസ്കാരിക ആലസ്യം അജ്ഞതയെ ബലപ്പെടുത്തിക്കൊണ്ടേയിരിക്കും എന്നുമാത്രം ഓര്‍ക്കുക.റംസാന്‍ അവസാനിച്ച് തൊട്ടടുത്ത ദിവസം വരുന്ന ഈദ് ദിനത്തിലെ പത്രങ്ങളില്‍ (വിശിഷ്യാ തെക്കന്‍ കേരളത്തില്‍)ചിലതിന്റെ വാര്‍ത്താ ശീര്‍ഷകം ഇപ്പോഴും ഇങ്ങനെ: ഇന്നു റംസാന്‍.