ഒരു കൊല്ലത്തെ അനിശ്ചിതമായകാത്തിരിപ്പിനു ശേഷം തരപ്പെട്ട, തിമര്‍ത്തുപെയ്ത മഴയ്ക്കൊപ്പമുള്ള ദീര്‍ഘമായ യാത്രയ്ക്കൊടുവില്‍ സ്ഥലത്തെത്തുമ്പോള്‍ ബഷീര്‍ മാഷും അസീ ടീച്ചറും അമലും ഇറയത്തു തന്നെ നില്‍പുണ്ട്.ചെന്നപാടേ സാഹിലും നജയും അപരിചിതത്വങ്ങളേതുമില്ലാതെ പുറത്തെ ബ്ലേക് ബോഡില്‍ അത്യാവേശത്തോടെ ചിത്രം വരച്ചു തുടങ്ങി;നജ വരച്ചത് അവള്‍ അന്നാദ്യമായ് കണ്ട ട്രെയിന്‍ തന്നെ. മാഷ് പറഞ്ഞു, ‘കണ്ടില്ലേ- നിങ്ങളീ കുട്ടികളെ വെറുതെ വിട്ടാല്‍ മതി, അവരെല്ലാം സ്വയം പഠിച്ചോളും.അതിനുള്ള സിദ് ധിയും ശേഷിയും പ്രകൃത്യാ അവര്‍ക്കുണ്ട് .‘ സൂഫിതുല്യം നിതാന്തജാഗ്രത്തായ വാക്കുകളില്‍ പിന്നെ പറഞ്ഞതൊക്കെയും നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഹൃദയശൂന്യതയെയും ഉദ്ദേശരാഹിത്യത്തെയും കുറിച്ചായിരുന്നു. സ്കൂളില്ലാത്ത ലോകത്തെക്കുറിച്ച് ഞാനും പലപ്പോഴും സ്വകാര്യമായി, വളരെ സ്വകാര്യമായി ആലോചിച്ചിരുന്നു. കളിയും ചിരിയും വരയും ചോറുവെപ്പും മരത്തിമ്മെക്കേറലും അടിപിടിയുമൊക്കെയായി ബഹളമയമായി ജീവിതത്തെ ഉത്സവമാക്കുന്ന ഒരു ലോകം. അങ്ങനെ ചിന്തിക്കുന്ന അപരിചിതരായ എല്ലാ ആളുകളും എനിക്കു പ്രിയപ്പെട്ടവരായി. അവരെ വേണ്ടുവോളം കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. അവരെ വായിക്കാനായി എല്ലാ കടലാസു പുറങ്ങളിലും ഞാന്‍ മുഖം കുനിച്ചിരുന്നു. എന്റെ മകന്‍ അങ്ങനെയൊരു ലോകത്ത് സ്നേഹപരവശനായ് ആഹ്ലാദഭരിതനായ് ദ്വേഷശൂന്യനായ് ത്യാഗധീരനായ് വളരുന്നത് എന്റെ വര്‍ണ്ണശഭളമായ കിനാവുകളിലൊന്നായിരുന്നു. എന്നാല്‍ ഞാനെപ്പോഴും ഒരു ഭീരുവായിരുന്നതിനാല്‍ അവനെ സ്കൂളിലയക്കേണ്ടി വന്നു. അവന്റെ സ്വഭാവിക ലോകം അവനു നഷ്ടമാകുന്നല്ലോ എന്ന്, ഗൃഹപാഠങ്ങളില്‍ അവന്‍ തളര്‍ന്നു പോകുന്നല്ലോ എന്ന്, സിലബസ്സിന്റെ അനിഷ്ടകരമായ ഒരു ലോകത്തോട് നിസ്സഹായനായ് അവന്‍ ഒത്തുതീര്‍പ്പിലെത്തുകയല്ലോ എന്ന് ഏകനായ് ഞാന്‍ സങ്കടപ്പെട്ടുകൊണ്ടിരുന്നു.
അകത്ത് അബിയും ഫാരിയും അസ്സി ടീച്ചറും ദുബായ് വര്‍ത്തമാനങ്ങളില്‍ ഓര്‍മ്മകളെ ഇഴചേര്‍ത്തു തുടങ്ങി. മകളുടെ പ്രസവ സമയത്ത് ടീച്ചറും മാഷും ദുബായില്‍ കൂടെയുണ്ടായിരുന്നപ്പോള്‍ മെട്രൊപോളിറ്റന്‍ നഗരത്തിന്റെ വര്‍ണ്ണശബളമായ ബഹുനില സമുച്ചയങ്ങളും പ്രകാശ പ്രളയങ്ങളും ജലകേളികളുമൊന്നും ഈ പലക്കാടന്‍ ഗ്രാമത്തിന്റെ നനഞ്ഞ മണ്ണിന്റെയും ഹരിത സമൃദ്ധമായ തൊടികളുടെയും വൃക്ഷപ്പരപ്പിന്റെയും അടുത്തൊന്നുമെത്തില്ലെന്ന് നേര്‍ക്കഴ്ചകളിലൂടെ അവരറിഞ്ഞിട്ടുണ്ട്. നിശാപ്രാര്‍ത്ഥനയ്ക്കു നേരമായപ്പോള്‍ ടീച്ചര്‍ മുസല്ലയും നീളക്കുപ്പായവും അവരിരുവര്‍ക്കും പങ്കുവെച്ചു. കരുണാമയമായ പ്രര്‍ത്ഥന പോലെ ടീച്ചറുടെ നേര്‍ത്ത് മാര്‍ദ്ദവമേറിയ വാക്കുകള്‍ എന്റെയുള്ളില്‍ ചെറുമഴയായ് നിര്‍ത്താതെ പെയ്തു കൊണ്ടിരുന്നു. ഉറങ്ങാനായ് ഞങ്ങള്‍ക്ക് കിടപ്പുമുറിവിട്ടു തന്ന് അവരിരുവരും പുറത്തെ ചായ്പ്പിലേക്ക് പോയി.
അടുത്തദിവസം കാലത്തു തന്നെ മാഷ് ഷോര്‍ണ്ണൂരിലേക്ക് പോയി. രാവിലെ കുടിക്കാനായ് ജാപ്പി. ‘എനിക്കിതുവേണ്ട, പാലൊഴിച്ചതു തന്നെ വേണമെന്ന‘ നജ ക്കൊച്ചിന്റെ വാശിയൊന്നും വിലപ്പോയില്ല. കാരണം പാലും പഞ്ചസാരയും ചായയും കാപ്പിയും ഇറച്ചിയും മീനുമൊന്നും അവിടെ മെനുവിലില്ല. പ്രാതലിന് പുട്ടും പഴവും വേണ്ടുവോളം തയ്യറാക്കി വെച്ചിട്ടുണ്ട്. മാഷിന്റെ ഇളയമകന്‍ അമലും ഭാര്യയും അതു കഴിച്ച് രാവിലെ തന്നെ പുറപ്പെട്ടു. അരാജകമായ നൈജീരിയയുടെ ഭയചകിതമായ ലോകമുപേക്ഷിച്ച് സ്വന്തം മണ്ണിലേക്കു തന്നെ തിരിച്ചു വന്നതാണ് അമല്‍. ഭാര്യ അടുത്തൊരു കോളജില്‍ ബി.എഡ് ചെയ്യുന്നു.
പ്രാതല്‍കഴിഞ്ഞ് ഞങ്ങളെല്ലാവരും ടീച്ചര്‍ക്കൊപ്പം പറമ്പിലൂടെ അതമിതും പറഞ്ഞുകൊണ്ടേ നടന്നു. വീടിനു ചുറ്റുമുള്ള ഏഴരയേക്കര്‍ ഭൂമി നിറയെ മാവും പ്ലാവും തെങ്ങും വാഴയും പനയും.പിന്നെ പേരക്കാമരവും മാതള നാരങ്ങയും. അവിടവിടെയായി ചെറുകുളങ്ങള്‍. കുളത്തിലെ തവളകള്‍ക്കു പിറകെ കുട്ടികള്‍ വടിയുമായ് പാഞ്ഞുകളിച്ചു. ഇതുവരെ കണ്ടിട്ടില്ലാത്തൊരു ലോകത്തിന്റെ ദൃശ്യവിരുന്നില്‍ തിമര്‍ത്തു നടക്കുകയാണവര്‍. പറമ്പില്‍ സമൃദ്ധമായി കണാവുന്ന മാങ്ങയും തേങ്ങയും പഴക്കുലകളുമൊന്നും വിറ്റ്കാശാക്കാനുള്ളതല്ലിവര്‍ക്ക്, വിശക്കുന്ന ഏതു മനുഷ്യനും യഥേഷ്ടം തിന്നാനുള്ളതാണ്. ഭൂമിയില്‍ നാം അധിവസിക്കുകയല്ല സഹവസിക്കുകയാണ് വേണ്ടതെന്ന് ബഷീര്‍ മാഷുടെ ലേഖനത്തിലൊരിടത്ത് വായിച്ചതോര്‍ത്തു. വാക്കിനും ജീവിതത്തിനുമിടയിലെ നേര്‍ത്ത രേഖ അലിഞ്ഞലിഞ്ഞില്ലാതാവുന്നതെങ്ങനെയെന്ന് ഇപ്പോള്‍ ഞാന്‍ ശ്വസിച്ചറിയുന്നു. കാണെക്കാണെ ഞാന്‍ വല്ലാതെ ചെറുതായിപ്പോകുന്നുവോ? കുറേക്കൂടി നടന്നപ്പോള്‍ കുന്തിപ്പുഴയെത്തി. ഭയപ്പെടുത്തുന്ന അടിയൊഴുക്കും നിറയെ വെള്ളാരം കല്ലുകളുമുള്ള ചെറിയൊരു പുഴ. ധൈര്യം സംഭരിച്ച് ഒരു കോണിലേക്കിറങ്ങി ഞാനൊന്നു മുങ്ങിക്കുളിച്ചു. അസ്ഥിയിലേക്ക് തുളച്ചു കയറുന്ന തണുപ്പിലേക്ക് കുട്ടികളെ പിടിച്ചുവലിച്ചിറക്കിയെങ്കിലും അധിക നേരം നില്‍ക്കാനാവാതെ അവര്‍ തിരിഞ്ഞോടി. സൈലന്റ് വാലിയും പാത്രക്കടവും ഇതിനടുത്തു തന്നെയാണ്. പക്ഷേ പോയിക്കാണാന്‍ സമയമില്ലാതെ പോയി.
പുറപ്പെടാനിറങ്ങിയപ്പോള്‍ പഴുത്ത പേരക്കകള്‍ ഒരു കടലാസില്‍ പൊതിഞ്ഞ് ബാഗില്‍ വച്ചു തന്നു.മെയിന്‍ റോഡിലേക്ക് വഴികാണിച്ചുതരാന്‍ ദീര്‍ഘദൂരം ഞങ്ങള്‍ക്കൊപ്പം നടന്നു. മുമ്പൊരിക്കലും കണ്ടിട്ടുപോലുമില്ലാത്ത മനുഷ്യരോട് കാണിക്കുന്ന ഈ സ്നേഹ കാരുണ്യങ്ങള്‍ക്കുമുന്നില്‍ എന്റെ ഉള്ള് വല്ലാതെ പിടച്ചു . കഴിഞ്ഞ രണ്ടുമൂന്നു മാസക്കാലം മനോനില തെറ്റിയവര്‍ക്കുള്ള സഹവാസ ക്യാമ്പിനായ് ഡോക്ടര്‍ക്കും മുപ്പതോളം രോഗികള്‍ക്കും വീട് വിട്ടു കൊടുത്ത് തൊട്ടപ്പുറത്തുള്ള ഒറ്റമുറിക്കെട്ടിടത്തിലായിരുന്നു അവരുടെ താമസം.എന്റെയുള്ളില്‍ കണ്ണീരിന്റെ ഒരു കടലിരമ്പം പുറത്തു ചാടാതെ ഞാനടക്കി നിര്‍ത്തി. ഹൃദയ ശുദ്ധിയുള്ള മനുഷ്യരുടെ നിഷ്കപടമായ സ്നേഹങ്ങള്‍ക്കുമുന്നില്‍ ഒരു വിഡ്ഡിയെപ്പോലെ ഞാന്‍ ബലഹീനനാകുന്നതെന്തേ? മനുഷ്യരായി ജീവിക്കുക ഇത്രമേല്‍ എളുപ്പമാണോ? പിരിയുമ്പോള്‍ കുട്ടികള്‍ ആവേശത്തോടെ അവരുടെ കൈപിടിച്ചു കുലുക്കി, ഞാനും. കൈയ്യിലപ്പോള്‍ വാത്സല്യത്തിന്റെ വറ്റാത്ത നനവ്.
രാത്രി വേദപുസ്തകം തുറന്നപ്പോള്‍ അതിലിങ്ങനെ ഞാന്‍ വായിച്ചു :
“ദൈവ സംപ്രീതിക്കുള്ള പ്രത്യാശയാല്‍ തികഞ്ഞ നിശ്ചയദാര്‍ഢ്യത്തോടെ തങ്ങളുടെ ധനം വ്യയം ചെയ്യുന്നവരുടെ ഉപമയിതാ : ഉയര്‍ന്ന പ്രദേശത്തുള്ള ഒരു കൃഷിയിടം- കനത്ത മഴ കിട്ടിയാറെ അതിരട്ടി വിളവു നല്‍കി. അഥവാ ചാറ്റല്‍ മഴയെങ്കിലോ അതും മതി. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കാണുന്നവനല്ലോ ദൈവം.“ അധ്യായം 2, വചനം 265 .
ദൈവത്തിനു നന്ദി ; പെരുമഴയിലും ചാറ്റല്‍ മഴയിലും ഒരുപോലെ തളിര്‍ത്ത് പൂക്കുന്ന ചില മനുഷ്യരെ കാണാനിടവന്നതിന്.