കണ്ണാടിപ്പറമ്പിന്റെ ആകാശങ്ങള്‍*

എല്ലാ ദേശത്തിനുമെന്നപോലെ കണ്ണാടിപ്പറമ്പിനും ഒരു പുരാവൃത്തമുണ്ട്. സമര തീക്ഷ്ണമായ യൌവ്വനവും മതാത്മകമായ വാര്‍ധക്യവും ഏറ്റുമുട്ടലുകളില്ലാതെ കഴിഞ്ഞിരുന്ന ചരിത്രകാലം. നരകത്തില്‍ പോകേണ്ടവരാണെങ്കിലും കമ്മൂണിഷ്ടുകള്‍ നല്ലവരാണെന്നു പാവപ്പെട്ട മനുഷ്യരൊക്കെയും വിശ്വസിച്ചിരുന്നു. കോണ്‍സ്രസ്സും ലീഗും പക്വമതികളായ മനുഷ്യരുടെ നേതൃത്വത്തിന്‍ കീഴില്‍ കലഹങ്ങളില്ലാതെ അവരവരുടെ രാഷ്ട്രീയ ഭൂമികയില്‍ സജീവമായി ഇടപെട്ടു. സഖാവ് സി.പി.അനന്തന്‍ സ്മാരക കേന്ദ്രത്തിന്റെ നാടകങ്ങളും നിടുവാട്ട് യാക്കൂബ് മുസ്ല്യാരുടെ ആണ്ടും ധര്‍മ്മ ശാസ്താക്ഷേത്രത്തിലെ ഊട്ടുത്സവവും നാട്യങ്ങളില്ലാത്ത മനുഷ്യരുടെ ആഘോഷങ്ങളും ആഹ്ലാദങ്ങളുമയി പൂത്തുലഞ്ഞു നിന്നു. നാടകങ്ങളെഴുതുന്ന പവിത്രന്‍ മാഷും ആര്‍ടിസ്റ്റ് ജനുവും കവിതയെഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന സി.പി. യും മത സംവാദങ്ങളില്‍ അദ്വിതീയനായ കുഞ്ഞീതീന്‍ മുസ്‌ല്യാരും കഥയെഴുതിയെഴുതി കഥയില്ലയ്മയായി മാറിയ ഉമ്മര്‍കുട്ടിയും പുത്തന്‍ പഠന ശൈലികളുമായി രംഗപ്രവേശം ചെയ്ത പരിഷത്തും നാട്ടുമ്പുറത്തിന്റെ സാംസ്കാരിക മുഖം അത്യന്തം വര്‍ണ്ണശബളമാക്കി. പുസ്തകങ്ങളുടെ കലവറയായി ഇടതുപക്ഷം ചേര്‍ന്ന് ചിന്തിക്കുന്നവരുടെ പ്രയത്നത്തില്‍ നെരൂദ റീഡിംഗ് & റിക്രിയേഷന്‍ ക്ലബ് രൂപമെടുത്തു. അധികമകലെയല്ലാതെ നാരായണന്‍ മാഷുടെ വക ദേശീയോല്‍ഗ്രഥന വായന ശാലയുമിരുന്നു. നെയ്ത്തുകാരുടെ ഗ്രാമമെന്നു പുറം നാട്ടുകാര്‍ അത്ഭുതം കൂറി. വീടായവീടുകളിലെല്ലാം ആണുങ്ങള്‍ വരാന്തയിലെ മഘങ്ങളില്‍ പാവ് നെയ്തുകൊണ്ടിരുന്നു,പെണ്ണുങ്ങള്‍ ചര്‍ക്കയില്‍ നെല്ലി കോര്‍ത്ത് നൂല്‍നൂറ്റും. ഇത്രയേറെ നെയ്ത്തു കമ്പനികളുള്ള മറ്റൊരു ഗ്രാമം കേരളത്തില്‍ വേറെവിടെയും കാണില്ല. കാഴ്ചയില്‍ സുഭഗരായ ചാലിയ ജാതീയരുടെ പാരമ്പര്യ തൊഴിലാണ് നെയ്ത്ത്. കുലത്തൊഴില്‍ പങ്കുവെക്കാന്‍ അവര്‍ക്കൊപ്പം മുസ്ലിം സമുദായക്കാരും ചേര്‍ന്നുനിന്നു.പിന്നീട് ഗള്‍ഫ് കുടിയേറ്റത്തിന്റെ നാളുകളില്‍ ഓറടിട്ട പുരകളൊക്കെയും ടെറസ്സുകളായി മാറി. കുട്ടികളുടെ കൈയ്യില്‍ ഹീറോപേനയും കൌമാരക്കരുടെ കൈയ്യില്‍ ഹീറോ ഹോണ്ടയും വ്യാപകമായി. നോമ്പുകാലസയാഹ്നങ്ങളില്‍ ഫ്രിഡ്ജുള്ള വീടുകള്‍ക്കുമുന്നില്‍ മുസ്ലിം കുട്ടികള്‍ ഐസിനും ഐസുകട്ടക്കുമയ് കാത്തിരുന്നു. വീടിനു ചുറ്റും മതില്‍ വന്നു. പോളിസ്റ്റര്‍ മുണ്ടും ചൈനാ സില്‍ക്കിന്റെ കുപ്പായവും വന്നു. നിരപ്പലകക്കുപകരം കടകള്‍ക്കു ഷട്ടര്‍ വന്നു. നാരങ്ങാവെള്ളത്തിനു പകരം കൂള്‍ഡ്രിങ്ക്സ് വന്നു. പലരും വിസ കിട്ടാനായി പെണ്ണു കെട്ടുകയും അതില്‍ ചിലര്‍ വിസ കിട്ടാത്തതിനാല്‍ ബന്ധമൊഴിയുകയും ചെയ്തു. ഒന്നും ഒന്നരയും (ലക്ഷം !) കൊടുത്ത് വിസക്കായ് കാത്തിരുന്ന് പലരും വഞ്ചിതരായി. പാസ്പോര്‍ട്ടെടുക്കാനും വിസയടിക്കാനും ബോംബെയിലേക്ക് ബസ് ടിക്കറ്റിനും അവിടന്നങ്ങോട്ട് എയര്‍ ടിക്കറ്റിനുമെല്ലാം തുണയായി ബോംബെ ഡോന്‍ഗ്രിയിലെ സി.വി.ട്രാവല്‍സ് രാപ്പകലില്ലാതെ ഉണര്‍ന്നിരുന്നു.അതിനിടെയെപ്പോഴോ ശ്രീധരേട്ടന്റെ മഹാകരുണ്യം അനേകം മനുഷ്യരുടെ ദരിദ്രമായ കതകുകളില്‍ ഒരു സ്വപ്നം കണക്കെ വന്നു തട്ടിവിളിച്ചു. ഒരു എയര്‍ ടിക്കറ്റിനു കാശ് തരപ്പെടുത്താന്‍ വഴിയുള്ള കണ്ണാടിപറമ്പിനും പരിസരത്തുമുള്ള പരമദരിദ്രരായ അനേകം മനുഷ്യര്‍ ദുബായിലെ അല്‍ റിയാമി കമ്പനിയിലെത്തുന്നതങ്ങനെയാണ്. നിരവധി അച്ഛനമ്മ മാരുടെ ആശ്വാസത്തിന്റെ നെടുവീര്‍പ്പിനുമീതെ ഒരു പ്രാര്‍ത്ഥന തണല്‍ വിരിച്ചു ; വര്‍ഷങ്ങള്‍ക്കു മുമ്പേ പുറം നാട്ടില്‍ കുടിയേറിയ, പലരും കണ്ടിട്ടുപോലുമില്ലാത്ത മനുഷ്യപ്പറ്റുള്ള ഒരു സമരിയാക്കാരനു വേണ്ടി. ഹൃദയം തൊട്ട പ്രാര്‍ത്ഥനകളാലാവണം അയാളുടെ വ്യവഹാര മേഖലകളൊക്കെയും മേല്‍ക്കുമേല്‍ അഭിവൃദ്ധിപ്പെട്ടു, ഒപ്പം ഒരു ഗ്രാമവും.തിരക്കുകളുടെ ഉഷ്ണലോകത്തായിരിക്കുമ്പോഴും എല്ലാ വര്‍ഷവും ശബരിമല അയ്യപ്പനുവെണ്ടി മുടങ്ങാതെ ഒരു യാത്രാവധി കരുതി വെച്ചു കൊണ്ടിരുന്ന അയാളെ വിജയങ്ങള്‍ വിനീതനാക്കുക മാത്രം ചെയ്തു.

No comments: